Sunday, October 26, 2008

സമത്വ സുന്ദരം.... സം‌വരണം???

ഒരു മുന്‍‌കൂര്‍ ജാമ്യം. ഒരു സാധാരണക്കാരന്‍‌റ്റെ അറിവേ "സം‌വരണ" കാര്യത്തില്‍ എനിക്കുള്ളൂ. നമ്മുടെയൊക്കെ മുന്‍‌ഗാമികളില്‍ ചിലര്‍ സാമുദായികമായി അന്നുണ്ടായിരുന്ന അധഃപതനത്തിന്‍‌റ്റെ ഫലമായി സമൂഹത്തിന്‍‌റ്റെ താഴെക്കിടയിലേക്ക് തള്ളപ്പെട്ടിരുന്നു. അവരുടെ പിന്‍‌ഗാമികളെ മുന്‍‌നിരയിലേക്ക് കൊണ്ട് വരിക എന്നതാണ്‌‌ സം‌വരണ നിയമത്തിന്‍‌റ്റെ ലക്ഷ്യം എന്നാണ്‌ ഞാന്‍ ധരിച്ചിരിക്കുന്നത്. ഇന്ത്യയിലെ സാമൂഹികസ്ഥിതി‍ വച്ച് സം‌വരണം ജാതിയിലും മതത്തിലും അടിസ്ഥിതമാക്കി എന്നും ഞാന്‍ മനസ്സിലാക്കുന്നു.

ഇത്രയും എന്‍‌റ്റെ അറിവ്. ഇത് തെറ്റാണെങ്കില്‍ ക്ഷമിക്കാനും സമയം ഉണ്ടെങ്കില്‍ എന്‍‌റ്റെ തെറ്റ് തിരുത്താനും ഞാന്‍ അപേക്ഷിക്കുന്നു. ഞാന്‍ കരുതിയിരിക്കുന്നത് ശരിയാണെന്ന വിശ്വാസത്തിലും കേരളത്തിലെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്തും‍ തുടരട്ടെ.

സം‌വരണത്തിന്‍‌റ്റെ ഏറ്റവും വലിയ ഇരകളായി "സം‌വരണ വിരുദ്ധര്‍" എന്നറിയപ്പെടുന്നര്‍ ചൂണ്ടി കാണിക്കുന്നത് മുന്നോക്ക വിഭാഗങ്ങളില്‍ പെട്ടവരെയാണ്‌. ഒരേ യോഗ്യത ഉണ്ടെങ്കിലും പെറ്റു വീണത് ഉയര്‍ന്ന ജാതികളില്‍‍ ആയതു കൊണ്ട് മാത്രം ജോലി നഷ്ടപ്പെടുന്നു. ഇന്നിപ്പോള്‍ ഉയര്‍ന്ന ജാതികളില്‍ പെട്ടവരെല്ലാം നല്ല നിലയില്‍ ആണെന്നോ താഴ്ന്നജാതികളില്‍ പെട്ടെവരെല്ലാം മോശം നിലയില്‍ ആണെന്നോ ആരും പറയില്ല. രണ്ട് വിഭാഗത്തിലും ഉയര്‍ന്നവരും താഴന്നവരും ഉണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
അപ്പോള്‍ എന്‍‌റ്റെ സംശയങ്ങള്‍ താഴെ പറയുന്നവയാണ്‌.

--ഈ നിലയില്‍ നമ്മള്‍ സം‌വരണം തുടര്‍ന്നാല്‍‍ ഇന്നത്തെ മുന്നോക്ക വിഭാഗത്തെ നാളത്തെ പിന്നോക്ക വിഭാഗമാക്കെണ്ടി വരില്ലേ?
--ജാതിയില്‍ അടിസ്ഥിതമായി സം‌വരണം നടത്തുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നമ്മള്‍ ഒരു കൂട്ടരെ ഉയര്‍ത്തുകയും മറ്റൊരു കൂട്ടരെ താഴ്ത്തുകയും തന്നെയല്ലെ ചെയ്യുന്നത്?
--ആത്യന്തികമായി നമ്മള്‍ ജാതി ചോദിക്കുകയും പറയുകയും ചെയ്യുന്ന ഒരു സമൂഹമായി തന്നെ തുടരില്ലേ?
--കുറഞ്ഞത് കേരളത്തിലെങ്കിലും എന്ത് കൊണ്ട് സം‌വരണം എന്നത് സാമ്പത്തികത്തെ അടിസ്ഥാനമാക്കി പുനര്‍നിര്‍‌വചിച്ചുകൂടാ?

പിന്‍കുറിപ്പ്: ഒ.ബി.സി ആയി അപേക്ഷിച്ചാല്‍ മകന്‌ സീറ്റ് കിട്ടുമെന്ന് പറഞ്ഞവരോട്, അത് തെറ്റാണെന്ന് പറഞ്ഞ് മാനേജ്മെന്‍‌റ്റ് സീറ്റ് വാങ്ങിത്തന്നയാളാണ്‌ എന്‍‌റ്റെ വാപ്പ (അന്ന് സ്വാശ്രയമാമാങ്കം തുടങ്ങിയിട്ടില്ല). പക്ഷെ‌, മലേഷ്യയില്‍ രണ്ട് ഫാക്റ്ററികള്‍ ഉള്ള വ്യവസായിയുടെ മകന്‍ ഒ.ബി.സി. യില്‍ വന്നതാണ്‌ ഞാന്‍ കോളേജില്‍ കണ്ടത്.

5 comments:

ഉഗ്രന്‍ said...

"സമത്വ സുന്ദരം.... സം‌വരണം???"

ചില സം‌വരണ സംശയങ്ങള്‍!

anushka said...

സം‌വരണം പിന്നോക്കക്കാരെ പിന്നോക്കക്കാരാക്കി എപ്പോഴും നിര്‍‌ത്താനുള്ളതാണ്‌.ജാതി നമ്മുടെ സമൂഹത്തില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ടത് പലരുടെയും ആവശ്യമാണ്‌.

കിഷോർ‍:Kishor said...

സംവരണത്തില്‍ നിന്ന് സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ (ക്രീമി ലെയര്‍ ) ഒഴിവാക്കിയിട്ടില്ലേ??

പിന്നെയെന്താണ് പ്രശ്നം?

ഉഗ്രന്‍ said...

@ vrajesh

സം‌വരണത്തിന്‍‌റ്റെ പോക്ക് കണ്ടിട്ട് താങ്കള്‍ പറഞ്ഞത് ശരിയാണ്‌ എന്ന് തോന്നുന്നു.
വന്നതിനും വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.


@ കിഷോര്‍:Kishor

വന്നതിനും വായിച്ചതിനും കമന്‍‌റ്റിട്ടതിനും നന്ദി.
പകുതി പ്രശ്നം അതില്‍ (ക്രീമി ലെയര്‍) തീര്‍ന്നു എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ അപ്പോഴും, മുന്നോക്കകാരിലെ (ഉയര്‍ന്ന ജാതിയില്‍ ജനിച്ചവര്‍) സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ പറ്റി ഒന്നും പറഞ്ഞില്ല! അതു കൊണ്ടാണ്‌ ഞാന്‍ ചോദിച്ചത് ഇപ്പോഴത്തെ സാഹചര്യത്തില്‍ ജാതി പറഞ്ഞ് കൊടുക്കുന്നതിലും നല്ലത് സാമ്പത്തികം നോക്കുന്നതല്ലേ എന്ന്?

ജിവി/JiVi said...

ഈഴവര്‍ക്കുള്ള സംവരണകാര്യം മാത്രമെടുക്കാം.

ഇന്നത്തെനിലയിലുള്ള സംവരണം കൊണ്ട് സാധാരണനിലയില്‍ ഒരു ചെത്തുതൊഴിലാളിയുടെ മകന് സംവരണത്തിന്റെ ആനുകൂല്യം ലഭിക്കില്ല. കാരണം മികച്ച സാഹചര്യങ്ങളില്‍നിന്നുവരുന്ന ഒരു മംധ്യവര്‍ഗ്ഗ ഈഴവനായിരിക്കും അതിന്റെ പ്രയോജനം ലഭിക്കുക. ക്രീമിലെയര്‍ ഏതാ? നാലുലക്ഷത്തിനുമുകളില്‍ വാര്‍ഷീകവരുമാനുള്ളവരല്ലേ?

അതായത് പിന്നോക്കജാതികളിലെ ഒരു വിഭാഗത്തെ എപ്പോഴും പിന്നോക്കമാക്കിനിര്‍ത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ സംവരണസമ്പ്രദായം.