Tuesday, December 16, 2008

കമ്മ്യൂണിസ്റ്റുകാരന്‍‌റ്റെ ദൈവം...

കുറച്ചു നാളു കൂടിയാണ്‌ അവനെ കണ്ടത്. പഴയ ചങ്ങാതി. SFIലൊക്കെ ഒരുമിച്ച് പ്രവര്‍ത്തിച്ച് നല്ല പരിചയം. അതുകൊണ്ട് തന്നെ സംസാരം പഴയ കോളേജ് രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് നിലവിലെ രാഷ്ട്രീയത്തിലേക്കും വഴുതിമാറാന്‍ അധികം സമയമെടുത്തില്ല. കിട്ടിയ അവസരം പാഴാക്കാതെ ഞാന്‍ അബ്ദുള്ള കുട്ടി തുറന്ന് വിട്ട 'ദൈവവിശ്വാസികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും' എന്ന വിഷയം എടുത്തിട്ടു.

അവന്‍ പരമാവധി ഒഴിഞ്ഞു മാറാന്‍ നോക്കി. സ്ഥിരം പല്ലവികള്‍ തന്നെ. "ദൈവ വിശ്വാസമുള്ളവര്‍ക്ക് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാം. പാര്‍ട്ടി എതിരൊന്നും പറയുന്നില്ല." അതൊക്കെ നമുക്കും അറിയാമല്ലോ. ദൈവ വിശ്വാസമുള്ളവരോടൊക്കെ പാര്‍ട്ടി വിടാന്‍ പറഞ്ഞാല്‍ പിന്നെ നേതാക്കന്‍മാരെങ്കിലും ബാക്കിയായാല്‍ ഭാഗ്യം. എന്തുകൊണ്ട് അവന്‍ പറയുന്നത് പാര്‍ട്ടി ഒരു പരസ്യ പ്രസ്താവനയിലൂടെ തുറന്ന് അംഗീകരിക്കുന്നില്ല എന്ന ചോദ്യത്തില്‍ ഞാന്‍ ഉറച്ച് നിന്നു. അവസാനം അവന്‍ തോല്‍‌വി സമ്മതി‍ച്ചു.

"ഒരു യഥാര്‍‌ത്ഥ കമ്മ്യൂണിസ്റ്റ്കാരന്‌‍ ദൈവവിശ്വാസി ആകാന്‍ കഴിയില്ല".

എന്തായാലും ശവത്തില്‍ കുത്തണ്ട എന്ന് കരുതി ഞാന്‍ വിഷയം മാറ്റി. അവനും ഒരാശ്വാസമായി. അങ്ങിനെ അത് തിരെഞ്ഞെടുപ്പിലെത്തി. അടുത്തു നടന്ന ഉപതിരഞ്ഞെടുപ്പില്‍ BJPക്കേറ്റ തിരിച്ചടി (അല്ലെങ്കില്‍ BJPയുടെ അസ്ഥാനത്തായ പ്രതീക്ഷകള്‍ എന്നും പറയാം) വീണ്ടും അവനില്‍ നഷ്ടപ്പെട്ട ആവേശം കുത്തിനിറച്ചു. BJPക്കേറ്റ തിരിച്ചടികള്‍ എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു;

"അവന്‍‌മാര്‍ക്കിത് വേണം. ദൈവം കൊടുത്തതാ. അങ്ങിനെ ഒരാള്‍ മുകളില്‍ ഉണ്ടെന്ന് ചിന്തിക്കാതെ.........."


പിന്‍‌കുറിപ്പ്: പ്രത്യയ ശാസ്ത്രം അരച്ചുകുടിച്ച രണ്ട് വ്യക്തികള്‍ തമ്മിലുള്ള സംസാരം അല്ല ഇതെന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ. രണ്ട് സാധാരണക്കാര്‍ മാത്രം. ഞാനും അവനും തമ്മില്‍ വ്യത്യാസം ഒന്നേ ഉള്ളൂ. അവന്‍ പാര്‍ട്ടി നടത്തുന്ന സ്റ്റഡിക്ലാസിനൊക്കെ പോകാറുള്ള ഒരു സാധാരണ പ്രവര്‍ത്തകന്‍. ഞാന്‍ ഇതേവരെ പാര്‍ട്ടിക്ക് വോട്ട് ചെയ്ത ഒരാള്‍ മാത്രം.