Monday, November 3, 2008

ഭാരതമെന്നു കേട്ടാലോ!!!

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എനിക്ക് കിട്ടികൊണ്ടിരിക്കുന്ന ചില ഇ-മെയിലുകളാണ്‌ ഈ പോസ്റ്റിനാധാരം. ഇത്യക്കാരായ നമ്മള്‍ ഭയങ്കരന്മാരാണെന്ന് സായിപ്പിനെക്കൊണ്ട് (മറ്റുള്ളവരെകൊണ്ടും) അംഗീകരിപ്പിക്കാനുള്ള ഒരു തിടുക്കം അതിലെല്ലാം കാണാം. നമ്മള്‍ ഈ ലോകത്ത് ആരെക്കാലും മോശമല്ല എന്ന് സ്വയം വിശ്വസിക്കാനുള്ള ഒരു ബുദ്ധിമുട്ട് അല്ലെങ്കില്‍ ഒരു തരം കോമ്പ്ലക്സ് ആണ്‌ ഇതെല്ലാം എഴുതാനും തമ്മില്‍ തമ്മില്‍ അയച്ച് കളിക്കാനും നമ്മളെ പ്രേരിപ്പിക്കുന്നത് എന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.


ആദ്യം വന്നിരുന്നത് നാസയിലെ ഭാരതീയ (Indian Origin എന്ന് പറയണം) ശാസ്ത്രഞ്ജരുടെ ശതമാനം, പല അമേരിക്കന്‍ കമ്പനികളുടെയും തലപ്പത്തിരിക്കുന്ന‍ ഇന്ത്യക്കാര്‍, അമേരിക്കയിലെ ഡോക്ടര്‍മാരിലുള്ള ഇന്ത്യക്കാരുടെ ശതമാനം തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു.
എന്നിട്ടവസാനം,"Let us proud to be Indians"


പിന്നെ അതു മാറി ചില പൊട്ടത്തരങ്ങള്‍ ആയി. അമേരിക്കയെ നമ്മള്‍ ഒരു വഴിക്കെത്തിച്ചല്ലോ. അപ്പൊ ദാ കിടക്കണു ചില ഇടിവെട്ട് നമ്പറുകള്‍.
--ബാന്‍‌ഗ്ലൂരിലെ ഏതോ കുടുംബം പൂജിച്ചിരുന്ന മൂന്ന് കല്ലുകള്‍ വിലമതിക്കാനാവാത്ത രത്നങ്ങള്‍ ആയിരുന്നുവെന്നും, ഇന്ത്യന്‍ സര്‍ക്കാര്‍ അത് സ്വിസ്സ് ബാങ്കില്‍ ഇട്ട് പൂട്ടിയെന്നും. തീര്‍ന്നില്ല, അത് മുഴുവന്‍ ഒറ്റയടിക്ക് വാങ്ങാന്‍ പൈസ ഇല്ലാത്തത് കൊണ്ട്, വട്ട പലിശ ബിസിനസ്സ് പോലെ ഇന്‍സ്റ്റാല്‍മെന്‍‌റ്റായി പൈസ തന്ന് വാങ്ങിക്കോളാമെന്ന് ലോകബാങ്ക് പറഞ്ഞത്രെ! (ഇത് വാങ്ങീട്ട് എന്തിനാ, ഇനി ലോകബാങ്ക് പ്രസിഡന്‍‌റ്റിന്‍‌റ്റെ ഭാര്യക്ക് മാല പണിയാനാണോ എന്നൊന്നും അറിയില്ല)
--അടുത്തത് സുദര്‍ശന്‍ എന്നോ മറ്റോ പേരുള്ള ഒരു ഇന്ത്യന്‍ ബാലന്‍ ഐന്‍സ്റ്റീനിന്‍‌റ്റെ theory of relativity തെറ്റാണെന്ന് തെളിയച്ചത്രേ! പക്ഷെ, ഹൈലൈറ്റ് അതൊന്നുമല്ല. ഈ ബാലന്‍‌റ്റെ ബുദ്ധിശക്തി അളക്കാന്‍ ചില സായിപ്പന്മാര്‍ I.Q.Meter ആയി ചെന്നത്രെ. അളന്നു കൊണ്ടിരുന്നപ്പോള്‍ ആ ഉപകരണം ബാലന്‍‌റ്റെ ബുദ്ധിശക്തി കാരണം തകര്‍ന്ന് പോയത്രെ! (I.Q Meter എവിടെ കിട്ടും എന്നൊന്നും ചോദിച്ചേക്കല്ലേ!)
--ഇതിന്‍‌റ്റെ കൂടെ ഥാര്‍ മരുഭൂമിയില്‍ എണ്ണ നിക്ഷേപം കണ്ട് പിടിച്ച കഥയുമുണ്ട്. ഒരല്പ്പം ശരി എന്ന് പറയാന്‍ പറ്റുന്ന ഒരു കാര്യം.
അവസാനം വീണ്ടും "Let us proud to be Indians"


ഇതെല്ലാം പറയാന്‍ കാരണം ഇന്നലെ ലഭിച്ച ഒരു ഇ-മെയില്‍ ആണ്‌. ക്രിക്കറ്റ് ഇതിഹാസം "സച്ചിന്‍" ആണ്‌ ഇതിലെ താരം. ഈ ലോകം കണ്ടതില്‍ വെച്ചു തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍ ആയ അദ്ദേഹത്തിന്‍‌റ്റെ എല്ലാ റെക്കോര്‍ഡുകളും എണ്ണി പറയുന്ന ആ ഇ-മെയില്‍ തുടങ്ങുന്നത് തന്നെ ഇങ്ങനെ ആണ്‌.
"Just have look at the records held by Sachin Tendulkar. No wonder why British Prime Minister is suggesting him for the honor of Sir"

മുകളില്‍ പറഞ്ഞ വാചകത്തില്‍ അടിവരയിട്ടിരിക്കുന്നത്, എനിക്ക് ലഭിച്ച ഇ-മെയിലിലും ഉണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു എന്നതാണ്‌ അതിലെ പ്രധാന കാര്യം. ഞാന്‍ അറിഞ്ഞിടത്തോളം അദ്ദേഹം അങ്ങിനെ ഒരു നിര്‍ദ്ദേശം രാഞ്ജിയുടെ മുന്നില്‍ വെക്കാന്‍ ആലോജിക്കുമെന്നേ പറഞ്ഞുള്ളൂ! അപ്പോഴേക്കും നമ്മള്‍ അത് വെച്ചു എന്നാക്കി. അപ്പോ, അതു തന്നെ കാര്യം! സായിപ്പ് അംഗീകരിച്ചു!

സച്ചിന്‌ Sir പദവി കിട്ടുന്നതില്‍ ഉള്ള വിഷമം അല്ല. പക്ഷെ, ആ പദവി ഉണ്ടോ ഇല്ലയോ എന്നത് ബാധിക്കുന്ന ഒരു തലത്തില്‍ നിന്നും സച്ചിന്‍ എന്നേ ഉയര്‍ന്ന് കഴിഞ്ഞു. അപ്പോള്‍ സച്ചിനേക്കാള്‍ ആ പദവി സച്ചിന്‌ ലഭിക്കണ്ടത് നമ്മുടെ ആവശ്യമായി മാറുന്നു. നമ്മുക്കും സായിപ്പിന്‍‌റ്റെ മുന്‍പില്‍ പറയാന്‍. കണ്ടോ ഞങ്ങളുടെ നാട്ടിലും ഉണ്ട് "സാറുമ്മാര്‍".

നമ്മുടെ രാജ്യം (സച്ചിന്‍‌റ്റേയും) അദ്ദേഹത്തിന്‌ പത്മവിഭൂഷണ്‍ നല്‍കിയതൊ, രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ് നല്‍കിയതോ ഒന്നും ഇ-മെയില്‍ അയച്ചവര്‍ക്ക് വിഷയമല്ല എന്നതും കൂട്ടി വായിക്കുക.


ഈ ഇ-മെയിലുകളില്‍ എഴിതിവരുന്നതെല്ലാം തെറ്റാണെന്ന് ഞാന്‍ പറയില്ല. പക്ഷെ, ഞാന്‍ ഇതൊന്നും കൂടാതെ തന്നെ ഒരു ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനിക്കുന്നവനാണ്‌.
--മഹാത്മാ ഗാന്ധി പിറന്ന മണ്ണാണിത്
--ലോകത്തെല്ലാം രാജ്യങ്ങളും എതിര്‍ത്തിട്ടും ആണവ ശേഷി കൈവരിച്ച രാജ്യമാണിത്
--ചന്ത്രനിലേക്ക് ഒരു പേടകം വിടാന്‍ ശേഷിയുള്ള രാജ്യമാണിത്
--........................
--........................

ഇങ്ങനെ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങള്‍ ഉള്ളപ്പോള്‍;
മുകളില്‍ പറഞ്ഞ അമേരിക്കന്‍ പൗരത്വം എടുത്ത ഇന്ത്യക്കാരുടെ എണ്ണം നോക്കാതെ തന്നെ, IQ Meter പൊട്ടിക്കുന്ന കുട്ടികള്‍ ഇല്ലാതെ തന്നെ, സച്ചിന്‌ Sir പദവി കിട്ടാതെ തന്നെ,

"I am proud to be an Indian"


പിന്‍‌കുറിപ്പ്: Sir പദവി നമ്മുടെ പൂര്‍‌വ്വികരെ അടിമകളാക്കിയ രാജാധിപത്യത്തിന്‍‌റ്റെ ഒരു പ്രതീകമായിട്ടേ ഞാന്‍ കാണുന്നുള്ളൂ. അങ്ങിനെ ഒരു സാഹചര്യം വന്നാല്‍ സച്ചിന്‍ അത്‍ വേണ്ടെന്ന് വെക്കും എന്നത് എന്‍‌റ്റെ സ്വകാര്യമായ ആഗ്രഹം മാത്രം.