Thursday, October 9, 2008

തീവ്രവാദികളും ഭീകരവാദികളും... ഒരു ചിന്ത

തീവ്രവാദം / ഭീകരവാദം എന്നീ വാക്കുകളുടെ നിര്‍‌വചനം പലപ്പോഴും ആപേക്ഷികം ആയി തോന്നാറുണ്ട്. സ്വന്തം രാജ്യത്തിന്‍‌റ്റെ മാനം കാക്കാന്‍ ഒളിയുദ്ധം നയിച്ച ഭഗത്ത്‌സിങ്ങ് നമ്മുടെ ആവേശം ആണെങ്കിലും ബ്രിട്ടീഷുകാര്‍‌ക്ക് വെറും തീവ്രവാദി ആയിരുന്നു. ഇസ്രായെല്‍-പാലസ്തിന്‍ സംഘര്‍‌ഷം പറയാന്‍ ഒരു പുതിയ ബ്ലോഗ്ഗ് തന്നെ വേണ്‍‌ടി വരും. എന്നിരുന്നാലും ഇരു കൂട്ടര്‍ക്കും അപരന്‍ തീവ്രവാദിയും ഭീകരവാദിയും ആണെന്ന കാര്യത്തില്‍ സംശയം ഉണ്‍‌ടാകില്ല. ഭൂരിപാകം തമിഴര്‍ക്കും ഒട്ടനവതി ദക്ഷിണ ഇന്ത്യക്കാര്‍ക്കും LTTE എന്ന ശ്രീലങ്കന്‍ സംഘടന ഒരു ഭീകരസംഘടന ആയി തോന്നാന്‍ വഴിയില്ല. എന്നാലും LTTE കൊളംബൊയില്‍ ബോംബിട്ടതു പൊലെ കാശ്മീരികളൊരു ബോംബു പൊട്ടിച്ചാലോ? അപ്പൊ കാശ്മീരികള്‍‍ തീവ്രവാദികള്‍ ആയി. അടുത്ത കാലത്തു മാധ്യമങ്ങളില്‍ നിന്ന് എനിക്ക് മനസ്സിലായിട്ടുള്ള ഒരേ ഒരു നിര്‍‌വചനമേ തീവ്രവാദി അല്ലെങ്കില്‍ ഭീകരവാദി എന്ന വാക്കുകള്‍ക്കുള്ളൂ. നമ്മടെ മെക്കിട്ട് കേറുന്നവന്‍ ആരോ അവന്‍. പക്ഷെ എന്‍‌റ്റെ കാഴ്ച്ചപ്പാടില്‍‌ ചില‍ അസ്സല്‍ തീവ്രവാദികള്‍ ഉണ്ട്‌‌. അവരെ ഞാന്‍ മത തീവ്രവാദികള്‍ (മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു, ബുദ്ധമതസ്ഥര്‍‌‍ എല്ലാം പെടും), രാഷ്ട്രീയ‍ തീവ്രവാദികള്‍, സര്‍ക്കാര്‍ (ചിലവിലെ) ഭീകരവാദികള്‍ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

മത തീവ്രവാദികള്‍
വളരെ രസകരമായ ഒരു കൂട്ടര്‍ ആണിവര്‍. എന്തിനും ഏതിനും ഇവര്‍ക്ക് മതത്തിന്‍‌റ്റെ ഒരു മറ ഉണ്‍ടായിരിക്കും. വിശ്വാസം കൊണ്‍ട് ഒരു മുസ്ലിം ആയതു കൊണ്‍ട് ഞാന്‍ മുസ്ലിം തീവ്രവാദികളില്‍ നിന്ന് തന്നെ തുടങ്ങട്ടെ. എന്‍‌റ്റെ മതത്തിലെ ചിലര്‍ മുസ്ലിം തീവ്രവാദം എന്ന വാക്കിനോട് തന്നെ എതിര്‍പ്പുള്ളവര്‍ ആണ്‌. അങ്ങിനെ ഒന്നില്ല എന്നാണവരുടെ അഭിപ്രായം. എന്നാല്‍ അങ്ങിനെ ഒന്നുണ്ട്. അറേബ്യയില്‍ (നല്ലതോ ചീത്തയോ ആയ കുടുംബത്തില്‍) ജനിച്ച അറബികള്‍ അഫ്ഗാനിസ്ഥാനിലും, അഫ്ഗാനികളും പാക്കിസ്ഥാനികളും ഇങ്ങ് കാശ്മീരിലും തോക്കും പിടിച്ച് നില്‍ക്കുന്നത് എന്തിനാണ്‌? അടിച്ചമര്‍ത്തപ്പെട്ടവരെ സഹായിക്കാന്‍ ആണെങ്കില്‍ എന്ത് കൊണ്ടിവര്‍ മുകളില്‍ സൂചിപ്പിച്ച ശ്രീലങ്കന്‍ തമിഴനെ സഹായികുന്നില്ല. അതല്ല ഇനി ഇന്ത്യ വരെ മാത്രമെ സഹായം എത്തൂ എന്നുണ്ടെങ്കില്‍ കിഴക്കോട്ടു പോയാല്‍ അസ്സമിലും മിസ്സൊറാമിലും ഒക്കെ ആളുണ്ടല്ലോ. അപ്പോള്‍ മതം തന്നെ ആകുന്നു എക പരിഗണന. ഒരു കാശ്മീരിയെ സംബന്ധിച്ചിടത്തോളം അയാള്‍ ജനിച്ചു വളര്‍ന്ന മണ്ണിനു വേണ്ടി ഇതൊക്കെ ചെയ്യുന്നു എന്ന വാദിക്കുക എങ്കിലും ആകാം. പക്ഷെ മറ്റുള്ളവരോ? ഇങ്ങനെ ഉള്ളവരെ ആണ്‌ മത തീവ്രവാദികള്‍ എന്നു വിളിക്കേണ്ടത്‌. എന്നെ സംബന്ധിച്ചിടത്തോളം കുരിശു യുദ്ധത്തിനു പോയ യൂറോപ്യന്‍ ക്രിസ്ത്യാനികളും, അശോകന്‍‌റ്റെ കാലത്തും അതിനു ശേഷവും ഹിന്ദുക്കളെ വേട്ടയാടിയ ബുദ്ധമതസ്ഥരും, അടുത്ത കാലത്ത് ഗുജറാത്തിലും ഒറീസ്സയിലും സംഘര്‍ഷം ആളി കത്തിക്കാന്‍ പിന്നില്‍ കളിച്ച ഹിന്ദു / മുസ്ലിം മതാം‌ഗങ്ങളും എല്ലാം മത തീവ്രവാദികള്‍ തന്നെ.

രാഷ്ട്രീയ‍ തീവ്രവാദികള്‍
കണ്ണൂരിലെ കഥകള്‍ വായികൂന്ന മലയാളികളോട് ഒത്തിരി വിശദീരിക്കണ്‍ട കാര്യം ഇല്ലല്ലോ അല്ലേ?

സര്‍ക്കാര്‍ (ചിലവിലെ) ഭീകരവാദികള്‍
സിനിമയിലെ 007 നായകന്‍ ശത്രു രാജ്യത്ത് ചെന്ന് കെട്ടിടങ്ങള്‍ ബോംബിട്ട് തകര്‍ത്താല്‍ നമ്മള്‍ കൈയ്യടിച്ചും ആര്‍ത്ത് വിളിച്ചും പ്രോല്‍സാഹിപ്പിക്കും. അതു പോലൊരുത്തന്‍ നമ്മുടെ നാട്ടില്‍ വന്ന് ചെയ്താലൊ? ചെയ്യുന്നുണ്‍ടെന്നു നമുക്കെല്ലാം അറിയാം. നമ്മള്‍ തിരിച്ചങ്ങോട്ടും വിടുന്നുണ്‍ടെന്ന്‌ കുറച്ച് പേര്‍കെങ്കിലും അറിയാമായിരിക്കും. അവര്‍ ഈ കാറ്റെഗറിയില്‍ പെടുന്നു. ചാരന്‍ എന്ന ഓമനപേരില്‍ അറിയപ്പെടുന്നത്‌ കൊണ്ട് ഇവരെ ആരും ഭീകരവാദി എന്നു വിളിക്കുമെന്ന പേടി വെണ്‍ട.

പിന്‍‌കുറിപ്പ്: ‍ തീവ്രവാദികളോട് യാതൊരു പരിഗണയും ഇല്ലത്തവന്‍ ആണ്‌ ഈയുള്ളവന്‍. നേര്‍ക്കുനേരെ നിന്നു കാര്യം പറയാനോ പ്രവര്‍ഥിക്കാനോ കഴിയാത്തവര്‍ക്കേ തീവ്രവാദിയൊ ഭീകരവാദിയൊ ആകാന്‍ പറ്റൂ എന്നതാണ്‌ എന്‍‌റ്റെ ഫിലോസഫി. ഭൂമിയിലെ സ്വര്‍ഗത്തില്‍ നരകിച്ചു ജീവിക്കുന്ന കാശ്മീരിലെ ജനങ്ങളോട് അല്പം സഹതാപം ഉണ്ടെങ്കിലും, കാശ്മീരി തീവ്രവാദികളോട് ഒരല്‍പ്പം പോലും സഹതാപം ഇല്ലാട്ടോ!

2 comments:

മലമൂട്ടില്‍ മത്തായി said...

അന്ധവും തീവ്രവും ആയ നിലപാട് ഏതു കാര്യത്തിലും നല്ലതല്ല. നല്ല ലേഖനം.

ഉഗ്രന്‍ said...

@മത്തായി

താങ്കള്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു. നന്ദി.