Tuesday, June 23, 2009

ഒരു ഭാരതീയ മുസ്ലീമിന്റെ ദുരനുഭവം

മുംബൈ ആക്രമണം കഴിഞ്ഞ സമയത്ത്,‍ ഇന്ത്യാ പാക്കിസ്ഥാന്‍ പട്ടാളങ്ങളുടെ ശക്തി താരതമ്യം ചെയ്യുന്ന ഒരു വെബ് സൈറ്റില്‍ കയറാന്‍ ഇടയായി. പ്രതീക്ഷിച്ചതു പോലെ കമന്റുകളില്‍ കൂടി നല്ല തല്ല് നടന്നുകൊണ്ടിരിക്കുക ആയിരുന്നു. പട്ടാളത്തിന്‍‌റ്റെ കാര്യം പറഞ്ഞ് തുടങ്ങിയ അടി അവസാനം മതത്തിന്റെ പേരില്‍ എത്തിയ സമയത്താണ്‌ ഞാന്‍ അവിടെ ചെന്നത്.

പാക്കിസ്ഥാനികള്‍, ഭാരതീയര്‍ എന്നൊക്കെ അവകാശപ്പെടുന്നവര്‍ (എല്ലാവരുമില്ല) ഹിന്ദു മതത്തെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന (അവഹേളനം എന്നത് ഒരു കുറഞ്ഞവാക്കാണ്‌) സമയത്താണ്‌, ഭാരതീയനായ മുസ്ലിം എന്നവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പാകിസ്ഥാനെതിരെ ഒരു കമന്റ് ഇട്ടത്. അതുവരെ ഒറ്റകെട്ടായി നിന്ന ഭാരതീയര്‍ രണ്ടായി മാറുന്ന ഒരു കാഴ്ചയാണ്‌ പിന്നീട് കണ്ടത്.

മുസ്ലിമായ നിനക്കെന്തിവിടെ കാര്യം എന്ന മട്ടില്‍ ഒരു കൂട്ടര്‍. നീ എന്തിനു സ്വന്തക്കാരെ കുറ്റം പറയണം എന്ന പരിഹാസവും ഉണ്ടായിരുന്നു. (കാണാതായ രണ്ടാമത്തെ കൂട്ടരുടെ) അനുകൂല കമന്റ് തിരഞ്ഞ എനിക്ക് ഒന്നും കിട്ടിയില്ല. അവര്‍ ഒന്നുകില്‍ ഒഴിഞ്ഞുമാറി, അല്ലെങ്കില്‍ ആദ്യത്തെ കൂട്ടരെ പേടിച്ച് മിണ്ടാതിരുന്നു. പാക്കിസ്ഥാനികളാകട്ടെ ആ കമന്റിട്ടവനെ തെറികൊണ്ടഭിഷേകം ചെയ്തു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ മൊത്തക്കച്ചവടക്കാരെന്ന മട്ടില്‍, നരേന്ദ്ര മോഡിയെ പാകിസ്ഥാനു വിട്ടു കൊടുക്കണം എന്നൊക്കെ കമന്റിട്ടവര്‍ക്ക് കലിവരാതിരിക്കില്ലല്ലോ?

തീവ്രവാദ സംഘടനകളെ സഹായിക്കുന്ന പാക്കിസ്ഥാന്‍ പട്ടാളത്തിനെ കുറിച്ച് കമന്റിടാന്‍ നിന്ന ഞാന്‍ ജീവനും കൊണ്ടോടി!

പിന്‍കുറിപ്പ്: വിഷയവുമായി ബന്ധമില്ലെങ്കിലും, T20 ക്രിക്കറ്റ് കാണാനിരുന്നപ്പോള്‍, ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നിന്നോ എന്നൊന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.