Tuesday, June 23, 2009

ഒരു ഭാരതീയ മുസ്ലീമിന്റെ ദുരനുഭവം

മുംബൈ ആക്രമണം കഴിഞ്ഞ സമയത്ത്,‍ ഇന്ത്യാ പാക്കിസ്ഥാന്‍ പട്ടാളങ്ങളുടെ ശക്തി താരതമ്യം ചെയ്യുന്ന ഒരു വെബ് സൈറ്റില്‍ കയറാന്‍ ഇടയായി. പ്രതീക്ഷിച്ചതു പോലെ കമന്റുകളില്‍ കൂടി നല്ല തല്ല് നടന്നുകൊണ്ടിരിക്കുക ആയിരുന്നു. പട്ടാളത്തിന്‍‌റ്റെ കാര്യം പറഞ്ഞ് തുടങ്ങിയ അടി അവസാനം മതത്തിന്റെ പേരില്‍ എത്തിയ സമയത്താണ്‌ ഞാന്‍ അവിടെ ചെന്നത്.

പാക്കിസ്ഥാനികള്‍, ഭാരതീയര്‍ എന്നൊക്കെ അവകാശപ്പെടുന്നവര്‍ (എല്ലാവരുമില്ല) ഹിന്ദു മതത്തെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന (അവഹേളനം എന്നത് ഒരു കുറഞ്ഞവാക്കാണ്‌) സമയത്താണ്‌, ഭാരതീയനായ മുസ്ലിം എന്നവകാശപ്പെട്ടുകൊണ്ട് ഒരാള്‍ പാകിസ്ഥാനെതിരെ ഒരു കമന്റ് ഇട്ടത്. അതുവരെ ഒറ്റകെട്ടായി നിന്ന ഭാരതീയര്‍ രണ്ടായി മാറുന്ന ഒരു കാഴ്ചയാണ്‌ പിന്നീട് കണ്ടത്.

മുസ്ലിമായ നിനക്കെന്തിവിടെ കാര്യം എന്ന മട്ടില്‍ ഒരു കൂട്ടര്‍. നീ എന്തിനു സ്വന്തക്കാരെ കുറ്റം പറയണം എന്ന പരിഹാസവും ഉണ്ടായിരുന്നു. (കാണാതായ രണ്ടാമത്തെ കൂട്ടരുടെ) അനുകൂല കമന്റ് തിരഞ്ഞ എനിക്ക് ഒന്നും കിട്ടിയില്ല. അവര്‍ ഒന്നുകില്‍ ഒഴിഞ്ഞുമാറി, അല്ലെങ്കില്‍ ആദ്യത്തെ കൂട്ടരെ പേടിച്ച് മിണ്ടാതിരുന്നു. പാക്കിസ്ഥാനികളാകട്ടെ ആ കമന്റിട്ടവനെ തെറികൊണ്ടഭിഷേകം ചെയ്തു. ഇന്ത്യയിലെ മുസ്ലിങ്ങളുടെ മൊത്തക്കച്ചവടക്കാരെന്ന മട്ടില്‍, നരേന്ദ്ര മോഡിയെ പാകിസ്ഥാനു വിട്ടു കൊടുക്കണം എന്നൊക്കെ കമന്റിട്ടവര്‍ക്ക് കലിവരാതിരിക്കില്ലല്ലോ?

തീവ്രവാദ സംഘടനകളെ സഹായിക്കുന്ന പാക്കിസ്ഥാന്‍ പട്ടാളത്തിനെ കുറിച്ച് കമന്റിടാന്‍ നിന്ന ഞാന്‍ ജീവനും കൊണ്ടോടി!

പിന്‍കുറിപ്പ്: വിഷയവുമായി ബന്ധമില്ലെങ്കിലും, T20 ക്രിക്കറ്റ് കാണാനിരുന്നപ്പോള്‍, ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നിന്നോ എന്നൊന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.

10 comments:

ഉഗ്രന്‍ said...

"ഒരു ഭാരതീയ മുസ്ലീമിന്റെ ദുരനുഭവം"

Anonymous said...

Links please

K.V Manikantan said...

എഴുന്നേറ്റു നിന്നു, അതില്‍ ഇപ്പോ ലജ്ജ തോന്നുന്നു.

അരുണ്‍ കരിമുട്ടം said...

വിഷയവുമായി ബന്ധമില്ലെങ്കിലും, T20 ക്രിക്കറ്റ് കാണാനിരുന്നപ്പോള്‍, ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നിന്നോ എന്നൊന്ന് സ്വയം ചിന്തിക്കുന്നത് നന്നായിരിക്കും.

ഇല്ല സുഹൃത്തേ..
ആരും എഴുന്നേറ്റ് കാണില്ല, അതിന്‍റെ മഹത്വം അറിഞ്ഞ് എഴുന്നേല്‍ക്കാന്‍ ഉള്ള സന്മനസ്സ് ഉള്ളവര്‍ ഈ രീതിയില്‍ കമന്‍റുകളിട്ട് രണ്ട് ചേരി ആവില്ലല്ലോ?

Anonymous said...

ആ അനോണി പറഞ്ഞപോലെ ലിങ്കുകള്‍ തരിക ആണെങ്കില്‍ എല്ലാവര്ക്കും വായിക്കാമായിരുന്നു..

ചിന്തകന്‍ said...

വീണ്ടും കണ്ടതില്‍ സന്തോഷം...

ഇത് അനുഭവത്തിന്റെ വെളിച്ചത്തിലാണെങ്കില്‍ ...സത പറഞ്ഞപോലെ അതിന്റെ ലിങ്ക് കൊടുക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

അരുണ്‍ കരിമുട്ടം said...

ഞാന്‍ വീണ്ടും വന്നു..
എന്തിനാണന്നല്ലേ?
പിറന്നാള്‍ ആശംസ നേരാന്‍
(അറിഞ്ഞില്ല സുഹൃത്തേ, അല്ലേല്‍ ഇന്നലെ വന്നേനെ)
ജന്മദിന ആശംസകള്‍

CKLatheef said...

ഹ ഹ ജീവനും കൊണ്ടോടിപോന്ന ഒരാളോട് അങ്ങോട്ടുള്ള വഴി ചോദിച്ചാല്‍ സാധാരണഗതിയില്‍ പറഞ്ഞു തരില്ല എന്നാണ് എന്റെ വിശ്വാസം. സതക്കും ചിന്തകനും എന്താ അവിടെ കാര്യം.:)

ലിങ്ക് നല്‍കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. അല്‍പമെങ്കിലും സ്‌നേഹം പ്രസരിക്കുന്ന സ്ഥലം തേടുക.

ഷൈജൻ കാക്കര said...

"ഇല്ല സുഹൃത്തേ..
ആരും എഴുന്നേറ്റ് കാണില്ല, അതിന്‍റെ മഹത്വം അറിഞ്ഞ് എഴുന്നേല്‍ക്കാന്‍ ഉള്ള സന്മനസ്സ് ഉള്ളവര്‍ ഈ രീതിയില്‍ കമന്‍റുകളിട്ട് രണ്ട് ചേരി ആവില്ലല്ലോ?"

ഇതാണെനിക്ക്‌ ഇഷ്ഠപ്പെട്ടത്‌.

ഉഗ്രന്‍ said...

കമന്‍റ്റിട്ട എല്ലാവര്‍ക്കും നന്ദി (ചിലര്‍ക്ക് വളരെ വൈകി ആണെങ്കിലും) പറയുന്നു.

ജനറലൈസ്ട് ആയി ഒരു പ്രത്യേക വിഭാഗത്തെ അടച്ചാക്ഷേപിക്കുക എന്ന ഉദ്ദേശം ഈ പോസ്റ്റിട്ട സമയത്തും ഇന്നിപ്പോഴും എനിക്കില്ല. ഞാന്‍ അനുഭവിച്ച ഒരു കാര്യം എഴുതണമെന്നു തോന്നി. പാക്കിസ്താന്‍ ഡിഫന്‍സ് ഫോറം എന്ന വെബ് സൈറ്റ് ആയിരുന്നു എന്നാണെന്‍റ്റെ ഓര്‍മ്മ. ആ സംഭവം കഴിഞ്ഞ് ഏകദേശം ഏഴോ എട്ടോ മാസം കഴിഞ്ഞാണ്‌ ഞാന്‍ പോസ്റ്റ് ഇട്ടത്. ലിങ്ക് തരേണ്ട ആവശ്യം ഉണ്ടായിരുന്നു എന്നെനിക്ക് ഇപ്പോഴും തോന്നുന്നില്ല. കാരണം ഇതാരോടും ഒന്നും തെളിയിക്കാന്‍ വേണ്ടിയല്ല. മറിച്ച് ഇതു വായിക്കുന്ന ആര്‍ക്കെങ്കിലും ഇതു പോലെ ഒരു അനുഭവം വന്നാല്‍ ഒരുമ കാണിക്കുമെങ്കില്‍ അതു തന്നെ ധാരാളം.

:)